പദ്ധതി രേഖ
1994-ലെ കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരമാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്ന അധികാരങ്ങളും ഫണ്ടും ഭരണ നിർവ്വഹണ സംവിധാനങ്ങളും ത്രിതല പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയത്. പഞ്ചവത്സര പദ്ധതികൾ ജനകീയ പദ്ധതികളായി നടപ്പിലാക്കിയതിലൂടെ താഴെത്തട്ടിലുള്ള സാധാരണക്കാർക്കും പദ്ധതി നിർമ്മാണത്തിലും ആസൂത്രണത്തിലും നിർവ്വഹണത്തിലും പങ്കാളികളാകാൻ അവസരമൊരുങ്ങി. കുടുംബശ്രീയിലൂടെ വനിതാ ശാക്തീകരണവും, ആശാ പ്രവർത്തകരിലൂടെ ആരോഗ്യ പ്രവർത്തനങ്ങളുടെ വിപുലീകരണവും, സ്കൂൾ പി.ടി.എ., എസ്.എം.സി. എന്നിവ വഴി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ദീർഘകാല രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ചർച്ചകൾക്ക് വിധേയമാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും സാധിച്ചിട്ടുണ്ട്.
അടിസ്ഥാന വികസന മേഖലകളായ കൃഷി, മൃഗപരിപാലനം, ചെറുകിട സംരംഭങ്ങളിലൂടെ തൊഴിൽ വികസനം, അന്താരാഷ്ട്ര തലത്തിലെ കടുത്ത മത്സരങ്ങൾ അതിജീവിക്കാൻ പറ്റിയ തരത്തിൽ വിദ്യാഭ്യാസ രീതികളുടെ പരിഷ്കരണം, തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ, എല്ലാവർക്കും ശുദ്ധവായുവും ജലവും ഉറപ്പുവരുത്തൽ, സമ്പൂർണ്ണ പാർപ്പിടം, സുന്ദര ശുചിത്വ ഗ്രാമം, എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം എന്നിവ മുൻഗണനാ അടിസ്ഥാനത്തിൽ ഈ പദ്ധതിക്കാലത്ത് മുഖ്യ പദ്ധതികളായി മാറുന്നതാണ്. നാടിന്റെ വികസനത്തിന് വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിന് സഹകരണം പ്രതീക്ഷിച്ചുകൊണ്ട് പതിനാലാം പഞ്ചവത്സര കാലയളവിലെ 2026-27 സാമ്പത്തിക വർഷത്തെ പദ്ധതി സമർപ്പിക്കുന്നു.